ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്പോർട്സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാക്കിസ്ഥാന്റെ എക്കാലത്തെയും നയം. അതുകൊണ്ട്, ഇന്ത്യയിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് ക്രിക്കറ്റ് ടീമിനെ അയക്കും- പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ അന്താരാഷ്ട്ര കായിക രംഗവുമായി ബന്ധപ്പെട്ട വളർച്ചയ്ക്ക് തടസമാകരുതെന്നാണ് പാക്കിസ്ഥാൻ വിശ്വസിക്കുന്നത്.
ഇന്ത്യ, ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ടീമിനെ അയക്കാതിരുന്നതിൽ നിന്ന് വിഭിന്നമായി പാക്കിസ്ഥാന്റെ ഈ തീരുമാനം ക്രിയാത്മകവും ഉത്തരവാദിത്വമുള്ളതുമായ സമീപനത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും, ടീമിന്റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ട്. ഇത് ഐസിസിയെയും ഇന്ത്യയിലെ അധികൃതരെയും അറിയിക്കും. ഇന്ത്യയിലേക്കുള്ള യാത്രയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് മുഴുവൻ സുരക്ഷയും ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.