കോട്ടയം: മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചങ്ങനാശേരിയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ഷംസീറിന്റെയും എം.വി.ഗോവിന്ദന്റെയും ഭാഗത്തുനിന്ന് ഉണ്ടായ തുടര്‍ പ്രസ്താവകളെല്ലാം കേവലം ഉരുണ്ടുകളിയാണെന്നും എന്‍എന്‍എസ് വിമര്‍ശിച്ചു.സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നിലപാട് വ്യക്തമാക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. സ്പീക്കറുടെ പ്രതികരണത്തില്‍ മറ്റ് പ്രതിഷേധങ്ങള്‍ക്ക് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പ്രശ്നം കൂടുതല്‍ വഷളാക്കാതെ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാര്‍ഗം തേടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.