തിരുവനന്തപുരം∙ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും, നിലപാടിൽ സിപിഎം തിരുത്തു വരുത്തിയിട്ടില്ലെന്നും പി.ജയരാജൻ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനുതാഴെ മൂക്കിൽ വച്ചിട്ടുള്ള കണ്ണട ശാസ്ത്രത്തിന്റെ ഭാഗമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
മിത്തിനെ മിത്തായും ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും കാണുന്ന പാർട്ടിയാണ് സിപിഎം. അല്ലാതെ മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയല്ലെന്നു ജയരാജൻ ചൂണ്ടിക്കാട്ടി. മതങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാടും സിപിഎമ്മിനില്ല. ഗണപതിയെ മിസ് ചെയ്യരുത്, ഉപയോഗിക്കണം എന്നു പറയുന്നതിലൂടെ സുരേന്ദ്രൻ പുറത്തുവിടുന്ന ആശയം, മതത്തെയും വിശ്വാസത്തെയും വോട്ടിനുവേണ്ടി രാഷ്ട്രീയവൽക്കരിക്കുന്ന ഹീനമായ തന്ത്രമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. മിത്ത് വിവാദത്തിൽ സിപിഎമ്മിന് ഒരു മലക്കം മറിച്ചിലുമില്ലെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഇന്ന് വ്യക്തമാക്കിയിരുന്നു.