പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയില്‍ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി. നിലവില്‍ അനുഷ മാത്രമാണ് പ്രതി.ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് അരുണിന് കേസില്‍ പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാര്‍മസി കോഴ്സ് പഠിക്കുന്ന ആളാണ് പ്രതി. ഇവര്‍ ഉപയോഗിച്ച സിറിഞ്ച്, കോട്ട് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കായംകുളത്തെ ഒരു കടയില്‍നിന്നാണ് ഇവര്‍ നഴ്സിംഗ് കോട്ട് വാങ്ങിയതെന്നും അദ്ദേഹം അറിയിച്ചു.പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹയ്ക്കു നേരയാണ് വധശ്രമമുണ്ടായത്. നഴ്സിന്റെ വേഷത്തില്‍ വാര്‍ഡില്‍ എത്തിയ അനുഷ ഒരു ഇഞ്ചക്ഷന് കൂടിയുണ്ടന്ന് പറഞ്ഞു.
പ്രസവശേഷം ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകുവാന്‍ ഒരുങ്ങിയ അവസരത്തിലാണ് ഇഞ്ചക്ഷന് എടുക്കുവാനായി ഇവര്‍ എത്തിയത്. വായു കുത്തിവച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. അനുഷയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സ്നേഹയും സഹായികളും ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരും സെക്യൂരിറ്റിയും എത്തി ഇവരെ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.