ലക്നോ : ഉത്തർപ്രദേശിലെ മീററ്റിൽ സർക്കാർ മെഡിക്കൽ കോളജിൽ 16 മാസത്തിനിടെ 81 ഗർഭിണികൾക്ക് എയ്ഡ്സ് (എച്ച്ഐവി പോസിറ്റീവ്) കണ്ടെത്തി. ആരോഗ്യവിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എച്ച്ഐവി ബാധിതരായ സ്ത്രീകളിൽ 35 സ്ത്രീകളെങ്കിലും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി ) സെന്ററർ റിപ്പോർട്ട് പ്രകാരം 2022-23 വർഷത്തിൽ ഗർഭിണികളായ സ്ത്രീകളിൽ 33 പുതിയ കേസുകളാണ് കണ്ടെത്തിയത്. ഈ വർഷം ജൂലെ വരെ 13 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. നേരത്തെ തന്നെ 35 ഗർഭിണികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച സ്ത്രീകളെല്ലാം മെഡിക്കൽ കോളജിലെ എആർടി സെന്ററിൽ ചികിത്സയിലാണ്. നവജാത ശിശുക്കളുടെ എച്ച്ഐവി പരിശോധന 18 മാസം തികയുമ്പോൾ നടത്തുമെന്ന് എആർടി സെന്റർ നോഡൽ ഓഫീസർ പറഞ്ഞു. ലൈംഗിക ബന്ധത്തിലൂടെയും രക്തം സ്വീകരിക്കുന്നതിലൂടെയുമാണ് സാധരണയായി എച്ച്ഐവി ബാധക്കുന്നത്. മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിനോ പച്ചകുത്തുന്നതിനോ സൂചികൾ പങ്കിടുന്നതിലൂടെയോ ഇത് മറ്റൊരാൾക്ക് പടരാം. ഗർഭകാലത്തും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി പകരാം.