ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവരുന്ന വിവാദ ഡൽഹി സർവീസസ് ബിൽ (നാഷണൽ ക്യാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ഭേദഗതി ബിൽ) ലോക്സഭാ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെയാണ് ബിൽ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് പാസായത്.ബിൽ രാജ്യസഭയിലും പാസായാൽ ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവും കേന്ദ്രത്തിന്റെ പരിധിയിൽ വരും.
ബില്ലിൽ മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കുശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചെയറിലേക്ക് ബിൽ കീറിയെറിഞ്ഞ ആം ആദ്മി പാർട്ടിയിലെ സുശീൽ കുമാർ റിങ്കുവിനെ സസ്പെൻഡ് ചെയ്തു. വർഷകാല സമ്മേളനം തീരുംവരെയാണ് സസ്പെൻഷൻ. പ്രതിപക്ഷം സഭ വിട്ടിറങ്ങിയതോടെ ബിൽ ലോക്സഭയിൽ പാസാക്കി.രാജ്യതലസ്ഥനമായ ഡൽഹിയുമായി ബന്ധപ്പെട്ട് നിയമം പാസാക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഡൽഹിക്കായി കേന്ദ്രസർക്കാരിനു നിയമനിർമാണം നടത്താമെന്നു ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ആംആദ്മി പാർട്ടിയുമായി സഖ്യമുള്ളതിനാലാണ് പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. ബിജെഡി, വൈഎസ്ആർ കോണ്ഗ്രസ് പാർട്ടികൾ ബില്ലിനെ പിന്തുണച്ചു. കോണ്ഗ്രസ്, ടിഎംസി അംഗങ്ങളും ഉവൈസിയും ബില്ലിനെ എതിർത്തു. 2015ന് ഡൽഹിയിൽ അധികാരത്തിൽ എത്തിയ ആംആദ്മി പാർട്ടിക്ക് കേന്ദ്ര സർക്കാരുമായി പ്രശ്നമുണ്ടാക്കണം എന്നല്ലാതെ, ഒരുമിച്ച് പ്രവർത്തിക്കണമെന്നില്ല. അവരുടെ അഴിമതികൾ മറച്ചുവയ്ക്കാൻ വേണ്ടിയാണ് ബില്ലിനെ എതിർക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.