ന്യൂഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ എതിര്‍പ്പിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.ബില്‍ സുപ്രീംകോടതി വിധിക്ക് എതിരല്ലെന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.
രാജ്യതലസ്ഥാനവുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ഷാ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസും ബിജെപിയുമൊക്കെ ഡല്‍ഹിയില്‍ ഭരണം നടത്തിയപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചാണ് മുന്നോട്ട് പോയത്. എന്നാല്‍ ആംആദ്മി സര്‍ക്കാര്‍ ഇടഞ്ഞ് നില്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് രാജ്യതാത്പര്യത്തിന് ചേര്‍ന്നതല്ല. ഈ സാഹചര്യത്തിലാണ് ബില്‍ കൊണ്ടുവരുന്നതെന്നും ഷാ പറഞ്ഞു.
അഴിമതി തടയാന്‍ നിരവധി ഏജന്‍സികള്‍ ഉള്ളപ്പോള്‍ ഇത്തരത്തില്‍ ഒരു ബില്‍ എന്തിനാണെന്ന് കോൺഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ബില്ലില്‍ ചര്‍ച്ച തുടരുകയാണ്. ചര്‍ച്ചയ്ക്ക് ശേഷം ബില്ലില്‍ വോട്ടെടുപ്പ് നടക്കും. ഡല്‍ഹിയിലെ സേവനങ്ങളില്‍ അധികാരമുള്ളത് സംസ്ഥാനസര്ക്കാരിനാണെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാനുള്ള ബില്ലാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ഡല്‍ഹി സര്‍ക്കാരില്‍ എ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള അധികാരം മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിക്ക് കൈമാറണമെന്നാണ് ബില്ലിന്റെ ഉള്ളടക്കം.
സമിതിയില്‍ മുഖ്യമന്ത്രിക്കുപുറമേ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി എന്നിവര്‍ അംഗങ്ങളാവും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്ന നിലയിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ്.