പൊന്നാനി : കിടപ്പാടം ജപ്തിയിലായി വിറകുപുരയിൽ അന്തിയുറങ്ങിയ പട്ടികജാതി കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. ജപ്തി ചെയ്യപ്പെട്ട വീടിനു പുറകിലുള്ള അടച്ചുറപ്പില്ലാത്ത വിറകുപുരയിൽ കഴിഞ്ഞ ഗർഭിണി അടങ്ങുന്ന കുടുംബത്തിനാണ് ഏഷ്യാനെറ്റ് വാർത്ത അത്താണിയായത്. അച്ഛനും അമ്മയും മൂന്ന് മാസം ഗർഭിണിയുമടങ്ങുന്ന കുടുംബത്തിന് പോകാൻ മറ്റൊരു സ്ഥലം ഇല്ലായിരുന്നു. വായ്പാ കുടിശികയുടെ പേരിലായിരുന്നു ഈ ജപ്തി നടപടി.
കുടുംബത്തിന്റെ ദയനീയസ്ഥിതി പുറത്തുകൊണ്ടുവന്ന വാർത്തയെ തുടർന്ന് പട്ടികജാതി വകുപ്പ് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു. പിന്നാലെ കുടുംബത്തിന് സഹായവുമായി തിരുവനത്തപുരത്തെ ലോർഡ്സ് ആശുപത്രി മുന്നോട്ടുവന്നു. വായ്പാ തുകയായ മൂന്ന് ലക്ഷം രൂപ ഉടൻ ബാങ്കിന് കൈമാറി.
പൊന്നാനിക്കടുത്ത് ആലംകോടാണ് സംഭവം. തളശിലേരി വളപ്പിൽ വീട്ടിൽ ടിവി ചന്ദ്രനും കുടുംബത്തിനുമാണ് ഈ ദുരനുഭവം. പൊന്നാനി അർബൻ ബാങ്കിൽ നിന്നും 2016 ൽ മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അടക്കാനുള്ള തുക 5.20 ലക്ഷമായി. ഒരാഴ്ച മുൻപ് ബാങ്കിൽ നിന്നെത്തിയവർ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് അറിയിച്ചു. കുടുംബം സാവകാശം തേടിയെങ്കിലും ഇനിയും നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതർ. കഴിഞ്ഞ ദിവസം അഭിഭാഷകരും പൊലീസും ബാങ്ക് പ്രതിനിധികകളും അടക്കമെത്തിയാണ് വീട് ജപ്തി ചെയ്തത്.
കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും കൂലിപ്പണി കിട്ടാത്തതും മകളുടെ കല്യാണത്തിനുണ്ടായ ഭാരിച്ച ചെലവും മൂലമാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതെന്നാണ് ഗൃഹനാഥൻ പറയുന്നത്. ജപ്തി തടയാൻ 25000 രൂപയെങ്കിലും അടിയന്തിരമായി അടക്കണമെന്നായിരുന്നു ബാങ്കുകാർ ആവശ്യപ്പെട്ടത്. 5000 രൂപ മാത്രമേ കുടുംബത്തിന് അടക്കാൻ കഴിഞ്ഞുള്ളൂ.
സാമ്പത്തിക പരാധീനതകളും കഷ്ടപ്പാടുകളും ആരോടും പറയാനില്ലാതെ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുരിതാവസ്ഥയെ വെളിച്ചത്ത് കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ ഫലമാണെന്ന് പറയാതെ വയ്യ. ഒരു കുടുംബത്തിന്റെ ജീവിതം കൈപിടിച്ച് ഉയർത്തുന്ന ഇത്തരം വാർത്തകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന സന്ദേശം ചെറുതല്ല.