അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രാൻസിറ്റ് ഹബ്ബായ ആലുവ റെയിൽവേ സ്റ്റേഷനിൽ തുടങ്ങി പരിമിത സൗകര്യങ്ങൾ മാത്രമുള്ള താമസസ്ഥലത്തേക്കും തൊഴിലിടത്തിലേക്കും കാമറ തിരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. അന്യ സംസ്ഥാന തൊഴിലാളികളെ ശത്രു പക്ഷത്ത് നിർത്താനല്ല, അവരുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ‘എങ്ങനെയാവണം ഭായ് ഭായ്’ വാർത്താ പരമ്പരയിലൂടെ ഏഷ്യാനെറ്റിന്റെ ശ്രമം. അതിഥി തൊഴിലാളികൾ എന്ന് ഓമനപ്പേരിട്ട് നടന്നാൽ പോര അവരുടെ തൊഴിലിടങ്ങളും ജീവിത വഴികളും നിയമാനുസൃതമാക്കി സംസ്ഥാനത്തെ ജനങ്ങൾക്കും സ്വസ്ഥജീവിതം ഉറപ്പാക്കണമെന്ന സന്ദേശമാണ് പരമ്പര നൽകുന്നത്.
ആലുവയിലെ അന്യ സംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ കുട്ടിക്കുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരമ്പര. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ മക്കൾ എങ്ങനെ അരക്ഷിതമായ അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുന്നു എന്നതാണ് പരമ്പരയുടെ കാതൽ. ജോലിയിടങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, ക്ലിപ്തമായ തൊഴിൽ സമയമില്ലാത്ത മാതാപിതാക്കൾ മക്കളെ അടച്ചുറപ്പ് പോലുമില്ലാത്ത മുറികളിൽ തളച്ചിടാൻ നിർബന്ധിതരാകുന്നു. ആധാർ കാർഡ് ഇല്ലാത്തതിനാൽ കുഞ്ഞിന് സ്കൂൾ പ്രവേശം ലഭിച്ചില്ലെന്ന് പരിതപിക്കുന്ന അമ്മയും ജോലി സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്ന മകൾ അവിടത്തെ മാലിന്യ കുഴിയിൽ വീണു മരിച്ച അമ്മയുമെല്ലാം അത്തരം കുടുംബങ്ങളിലെ ദൈന്യതയുടെ നേർ പകർപ്പുകൾ ആകുകയാണ്.
കുട്ടികളെ കൂടെ കൊണ്ടു വന്നാൽ ജോലി ഇല്ലെന്ന തൊഴിൽ ഉടമകളുടെ കർക്കശ നിലപാടാണ് അപ്പുറത്ത് ആരെന്നു അറിയാത്ത അനിശ്ചിതത്വം ഉള്ളപ്പോൾ പോലും കുട്ടികളെ വീട്ടിലാക്കി പോരുന്ന മാതാപിതാക്കളുടെ ഗതികേടിന് പിന്നിൽ. അന്യ സംസ്ഥാന തൊഴിലാളി ജീവിതത്തിന്റെ ടിപ്പിക്കൽ കഥ പറച്ചിലുകളിൽ നിന്നും എങ്ങനെയാവണം ഭായ് ഭായ് വ്യത്യസ്തമാകുന്നതും ഇത്തരം മാനുഷീക തലങ്ങൾ ചർച്ചക്ക് പാത്രമാകുന്നതിലൂടെയാണ്.
അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തുകയും പലയിടങ്ങളിലേക്കായി പിരിയുകയും ചെയ്യുന്ന നിർണായക ഇടമാണ് ആലുവ റെയിൽവേ സ്റ്റേഷൻ. ഇവിടെ വന്നെത്തുന്നവരുടെ കണക്കുകൾ എടുക്കാനോ അത് രേഖപ്പെടുത്താനോ ഉള്ള സംവിധാനമില്ല എന്നാണ് അവിടത്തെ ഓട്ടോ തൊഴിലാളികൾ പറഞ്ഞു വെക്കുന്നത്. ആലുവയിലെ പെൺകുട്ടിയെ ബലാൽസംഘം ചെയ്തു കൊന്ന കേസിലെ പ്രതി അസ്ഫാഖിന്റെ താമസ ഇടം അടക്കം വെളിച്ചമില്ലാതെ, ശ്വാസം വിടാനുള്ള ഇടമില്ലാതെ ഇക്കൂട്ടർ കഴിയുന്ന മുറികളിലേക്കും കാമറ എത്തുന്നുണ്ട്. വൃത്തി ഹീനമായ മുറി, അവിടെ ഒരാൾ താമസിക്കാൻ കഴിയുന്ന ഇടത്ത് പത്തുപേർ അന്തിയുറങ്ങുന്നു..
ഇവർക്കിത് മതിയെന്ന് റൂം ഉടമകൾ തീർച്ചപ്പെടുത്തുമ്പോൾ, നാട് ഉപേക്ഷിക്കാൻ പഠിച്ച് സംസ്ഥാനത്തിന്റെ സിരകളിലും സ്വന്തം കുടുംബങ്ങളിലും സാമ്പത്തിക വളർച്ചയുടെ പ്രസരിപ്പ് എത്തിച്ച പ്രവാസികളുടെ കേരളമെങ്കിലും അതിഥി തൊഴിലാളികൾ അൽപ്പം കൂടി മാന്യത അർഹിക്കുന്നു എന്ന് പറയാൻ പഠിക്കേണ്ടേയെന്ന ചോദ്യമാണ് പരമ്പര ഉയർത്തുന്നത്.