ന്യൂഡൽഹി : ഹരിയാനയിലെ വർഗീയ സംഘർഷങ്ങളുടെ തുടർച്ചയായി അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. അതേ സമയം വർഗീയ സംഘർഷത്തിന് കാരണമായെന്ന് ഹരിയാന ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും കുറ്റപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദളും രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച റാലികളും ഹരിയാനയിൽ പ്രഖ്യാപിച്ച മഹാപഞ്ചായത്തും തടയണമെന്ന ആവശ്യം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന എസ്.വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. വി.എച്ച്.പി -ബജ്രംഗ്ദൾ റാലികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ നോക്കണമെന്ന് ബെഞ്ച് ഡൽഹി പൊലീസിനോടും ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകളോടും ആവശ്യപ്പെട്ടു. ഹരിയാനയിലെ നൂഹിൽ തുടങ്ങി ഗുരുഗ്രാമിലേക്കും സോഹനിലേക്കും പൽവലിലേക്കും പടർന്ന വർഗീയ സംഘർഷത്തിന് പിന്നാലെ സംഘർഷത്തിലേക്ക് നയിച്ച ഘോഷയാത്രയുടെ സംഘാടകരായ വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഡൽഹി എൻ.സി.ആറിൽ പ്രഖ്യാപിച്ച റാലികൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ സി.യു സിങ്ങ് രാവിലെ പരാമർശിച്ചപ്പോൾ വാക്കാൽ പറഞ്ഞാൽ പോരെന്നും രജിസ്ട്രാർക്ക് ഇ മെയിലിൽ അപേക്ഷ നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശിച്ചു.
തുടർന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്.വി ഭാട്ടിയും പ്രത്യേകമിരുന്നാണ് ഹരജി അടിയന്തിരമായി പരിഗണിച്ചത്. നൂഹിലെ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി എൻ.സി.ആറിൽ 23 പ്രതിഷേധ മാർച്ചുകൾ നടത്താനാണ് വി.എച്ച്.പി -ബജ്രംഗ്ദൾ തീരുമാനമെന്ന് സി.യു സിങ്ങ് ബോധിപ്പിച്ചു. വിദ്വേഷ പ്രസംഗങ്ങളുണ്ടായോ എന്ന സുപ്രീംേകാടതിയുടെ ചോദ്യത്തിന് ഉച്ച വരെ നടന്ന റാലികളിൽ ഉണ്ടായിട്ടുണ്ടെന്നും പ്രശ്ന സാധ്യതയുള്ള മേഖലകളിൽ റാലികൾ ഇനിയും നടക്കാനിരിക്കുകയാണെന്നും സിങ്ങ് ബോധിപ്പിച്ചു.
വിദ്വേഷ പ്രസംഗമുണ്ടാകരുതെന്നും അധികൃതർ മതിയായ നടപടികൾ എടുക്കണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവിനോട് ബെഞ്ച് ആവശ്യപ്പെട്ടു. അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളുമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ അധികാരികളുമായി ബന്ധപ്പെടണം. പ്രശ്നസാധ്യത മേഖലകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കണം. എല്ലാം റെക്കോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. നിയമ വാഴ്ച സംരക്ഷിക്കണം. സർക്കാറിനെതിരായ ഹരജിയായി ഇതിനെ കണക്കിലെടുക്കരുത്. ക്രമസമാധാനം പൊലീസ് നടപടിയിലൂടെയാണ് ഉറപ്പുവരുത്തേണ്ടതെന്നും ബെഞ്ച് നിർദേശിച്ചു. ബുധനാഴ്ച വൈകീട്ട് ഹരിയാനയിൽ മഹാപഞ്ചായത്തിന് ആഹ്വാനമുണ്ടെന്ന് സി.യു സിങ് ബോധിപ്പിച്ചപ്പോൾ വിദ്വേഷ പ്രസംഗവും അക്രമവും ഇല്ലെങ്കിൽ അത് നടക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മറുപടി.