കണ്ണൂര്‍ : തമിഴ്നാട് സ്വദേശികളില്‍ ഒരുകോടി പതിമൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ വിഷ്ണു, സെന്തില്‍, മുത്തു, പളനി, സുടലിമുത്തു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു കോടി പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തതായി എക്സൈസ് ഓഫീസര്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് വന്ന സ്വകാര്യ ബസില്‍ വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരുടെ അരയില്‍ കെട്ടിവച്ച നിലയിലായിരുന്നു പണം. പണം മലപ്പുറം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി. ഉത്സവ കാലത്തോടനുബന്ധിച്ച് അതിര്‍ത്തിയില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കഴിഞ്ഞ മാസങ്ങളില്‍ 12 എന്‍ഡിപിസി കേസുകള്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കണ്ടെത്തിയതായും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.