ന്യൂഡൽഹി: ഡൽഹി ഓർഡിനൻസിനു പകരമുള്ള ഡൽഹി സർവീസസ് ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കും. ഡൽഹി സർക്കാർ ജീവനക്കാരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിനും കേന്ദ്രസർക്കാരിനു പരിപൂർണ അധികാരം നൽകുന്നതാണ് ഗവണ്മെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ബിൽ, 2023. ബിൽ നിയമമായാൽ ഡൽഹിയുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ പിടിയിലമരും.
ഡൽഹി ഓർഡിനൻസിൽ മേയ് 11ന് സുപ്രീംകോടതിയെ സമീപിച്ച് എഎപി സർക്കാർ ഇളവുകൾ തേടിയിരുന്നു. പൊതുക്രമം, ഭൂമി, പോലീസ് എന്നിവയിലൊഴികെ എഎപിക്ക് അനുകൂലമായിരുന്നു സുപ്രീംകോടതി വിധി. സർക്കാർ ജീവനക്കാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമെന്നു സുപ്രീംകോടതി വിധിച്ചു. ഇതേത്തുടർന്ന് സുപ്രീംകോടതി വിധി മറികടക്കുന്നതായി കേന്ദ്രം മേയ് 19നു പുതിയ ഓർഡിനൻസ് ഇറക്കി. ഈ ഓർഡിനൻസിനു പകരമാണ് കേന്ദ്രസർക്കാർ ഡൽഹി സർവീസ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ബിൽ ഇന്നലെ ലോക്സഭയിൽ പ്രചരിപ്പിച്ചിരുന്നു.
നിയമവാഴ്ച ഇല്ലാതാക്കാനും ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുമാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആംആദ്മി പാർട്ടി കുറ്റപ്പെടുത്തി. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണു വിവരം. ഓർഡിനൻസിലെ മൂന്നു വ്യവസ്ഥകൾ ഒഴിവാക്കിയാണു ബിൽ അവതരിപ്പിക്കുക. “സ്റ്റേറ്റ് പബ്ലിക് സർവീസസ്, സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ’ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമിക്കുന്നതിൽനിന്നു ഡൽഹി നിയമസഭയെ തടഞ്ഞിരുന്ന ഓർഡിനൻസിലെ വ്യവസ്ഥ ബിൽ നീക്കം ചെയ്തു. പകരം, ആർട്ടിക്കിൾ 239എഎയിലൂടെ കേന്ദ്രത്തിന്റെ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അഥോറിറ്റി (എൻസിസിഎസ് എ)ക്കു കൂടുതൽ അധികാരം നൽകും.
എൻസിസിഎസ്എ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് പാർലമെന്റിലും ഡൽഹി നിയമസഭയിലും നൽകിയിരുന്നു. പുതിയ ബില്ലിൽ ഈ വ്യവസ്ഥയില്ല.ഡൽഹിയിലെ വിവിധ അഥോറിറ്റികൾ, ബോർഡുകൾ, കമ്മീഷനുകൾ, നിയമാനുസൃത സ്ഥാപനങ്ങൾ എന്നിവയുടെ അധ്യക്ഷന്മാരെയും അംഗങ്ങളെയും നിയമിക്കുന്നതു കൈകാര്യം ചെയ്യുന്ന 45 ഡി വകുപ്പു പ്രകാരമുള്ള വ്യവസ്ഥകൾ ബില്ലിൽ ലഘൂകരിച്ചു. കേന്ദ്രസർക്കാരിനു മുന്പാകെ സമർപ്പിക്കേണ്ട വിഷയങ്ങൾ ലഫ്. ഗവർണർക്കും മുഖ്യമന്ത്രിക്കും മുന്പാകെ സമർപ്പിക്കണമെന്ന വ്യവസ്ഥയും നീക്കി.
എൻസിസിഎസ്എ ശിപാർശ ചെയ്യുന്ന പേരുകളുടെ പട്ടിക അടിസ്ഥാനമാക്കി ഡൽഹി സർക്കാർ രൂപീകരിച്ച ബോർഡുകളിലേക്കും കമ്മീഷനുകളിലേക്കും ലഫ്. ഗവർണർ നിയമനം നടത്താം. പട്ടികയിൽ ഡൽഹി മുഖ്യമന്ത്രിയുടെ ശിപാർശകൾ ഉൾപ്പെടും. ഡൽഹി അസംബ്ലി പാസാക്കിയ നിയമങ്ങളനുസരിച്ചാണ് ബോർഡുകളോ കമ്മീഷനുകളോ സ്ഥാപിക്കുന്നത്.