താനെ: മഹാരാഷ്ട്രയിലെ താനെയിൽ സമൃദ്ധി എക്സ്പ്രസ്വേയുടെ നിർമാണപ്രവർത്തനങ്ങൾക്കായി എത്തിച്ച കൂറ്റൻ ഗർഡർ സ്ഥാപിക്കൽ യന്ത്രം തകർന്നുവീണ് 15 പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗർഡറുകളുടെയും യന്ത്രത്തിന്റെയും അവശിഷ്ടങ്ങൾക്കിടയിൽ ആറോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ സമൃദ്ധി മഹാമാർഗ് എന്നറിയപ്പെടുന്ന എക്സ്പ്രസ്വേയുടെ മൂന്നാം ഫേസിന്റെ നിർമാണത്തിനായി എത്തിയ യന്ത്രമാണ് തകർന്നുവീണത്. റോഡ് നിർമാണത്തിന് കൊണ്ട് വന്ന ക്രെയിൻ തകർന്ന് കോൺക്രീറ്റ് സ്ലാബിൽ പതിച്ചാണ് അപകടമുണ്ടായത്. നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മേൽ ക്രെയിൻ വീഴുകയായിരുന്നു. അവർ തൽക്ഷണം മരിച്ചു. അപകടത്തിൽ 14 മൃതദേഹങ്ങൾ കണ്ടെടുത്തു. എന്‍.ഡി.ആര്.എഫ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 701 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹൈവേയാണ്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) ആണ് എക്സ്പ്രസ് വേയുടെ നിർമ്മാണം നടത്തുന്നത്. ഇതിന്റെ ആദ്യ ഘട്ടം നാഗ്പൂരിനെ ഷിർദ്ദിയുമായി ബന്ധിപ്പിക്കുന്നു, കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്.