തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് പരിശോധിക്കാം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ട ഫീസ് ഓഗസ്റ്റ് 4 വരെയുള്ള സമയത്തിനുള്ള അടയ്ക്കണം. ഓൺലൈൻ പേമെന്റായോ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ ഫീസ് ഒടുക്കാവുന്നതാണ്.
ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്കീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ട ഫീസ് അടയ്ക്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം.