തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന ആരോപണം പിൻവലിച്ച് രേവത് ബാബു. ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് താൻ സമീപിച്ച ഒരു പൂജാരിമാരും പറഞ്ഞിട്ടില്ലെന്നും രേവത് ആവർത്തിച്ചു.രേവതിനെതിരെ ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാൽ റൂറൽ എസ്പിക്കു പരാതി നൽകിയതോടെയാണ് ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ആരോപണം പിൻവലിച്ച് രേവത് തടിയൂരിയത്.
പൂജാരിമാരെ ആക്ഷേപിച്ചതിൽ മാപ്പ് പറയുന്നുവെന്ന് രേവദ് പ്രതികരിച്ചു.അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാൽ ശേഷക്രിയ ചെയ്യാൻ പാടില്ല എന്നുമാത്രമാണ് അവർ പറഞ്ഞത്. പൂജാരിമാർ വിസമ്മതിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും രേവദ് പറഞ്ഞു.തനിക്ക് പൂജ അറിയില്ല. അവിടെ എത്തിച്ചിരുന്ന പുഷ്പങ്ങളും അരിയും അർപ്പിക്കുക മാത്രമാണ് ചെയ്തത്. തന്റെ പ്രതികരണം തെറ്റായി പോയെങ്കിൽ പൂജാരി സമൂഹത്തോട് മാപ്പ് പറയുന്നതായും രേവദ് പറഞ്ഞു. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നാണ് പരാതി. പ്രസ്താവനയിലൂടെ മതസ്പർധ വളർത്താനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നും പരാതിയിലുണ്ട്.