ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ ഒരുവിഭാഗം പൂജാരിമാർ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി ചാലക്കുടി സ്വദേശിയായ രേവത് . കർമം ചെയ്യാൻ പല പൂജാരിമാരും തയ്യാറാകാതിരുന്നപ്പോൾ രേവത് സ്വയം സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു
“ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര് തന്നെയല്ലേ? അപ്പോ ഞാന്‍ വിചാരിച്ചു നമ്മുടെ മോള്‍ക്ക് ഞാന്‍ തന്നെ കര്‍മം ചെയ്യാം. ഞാന്‍ ഒരു മരണത്തിനേ ഇതിനു മുന്‍പ് കര്‍മം ചെയ്തിട്ടുള്ളൂ”- രേവത് വികാരാധീനനായി പറഞ്ഞു. ഈ വാക്കുകള്‍ കേട്ട അന്‍വര്‍ സാദത്ത് എം.എല്‍.എ രേവതിനെ ചേര്‍ത്തുപിടിച്ചു.
അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് കേരളം കണ്ണീരോടെയാണ് വിട നൽകിയത്. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. രണ്ട് മാസം മുൻപ് അധ്യാപികയുടെ കൈപിടിച്ച് നടന്നു കയറിയ ക്ലാസ് മുറിയിൽ തന്നെയായിരുന്നു പൊതുദർശനം. കരഞ്ഞു തളർന്ന അമ്മയ്ക്ക് മുന്നിൽ ചലനമറ്റ മകളെ എത്തിച്ചപ്പോൾ വാക്കുകൾക്കതീതമായ വൈകാരിക നിമിഷകൾക്കാണ് സ്കൂൾ അങ്കണം സാക്ഷിയായത്. കീഴ്മാട് പൊതുശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.