ആലുവ: കാണാതായ അഞ്ചുവയസുകാരി ചാന്ദിനിയുടെ മൃതദേഹം കണ്ടെത്താൻ പ്രധാന പങ്കുവഹിച്ചത് ആലുവ മാര്‍ക്കറ്റിലെ സിഐടിയു തൊഴിലാളിയുടെ സംശയം. പൊലീസിന്റെ പിടിയിലായ അഷ്ഫാഖ് കൊല്ലപ്പെട്ട ചാന്ദ്നിയുമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം മാര്‍ക്കറ്റില്‍ എത്തിയത് സിറാജുദ്ദീന് കണ്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പിടിയിലായ അഷ്ഫാഖിന്റെ ചിത്രം മാദ്ധ്യമങ്ങളിലൂടെ കണ്ടാണ് സിറാജുദ്ദീന് പൊലീസിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ ആലുവ മാര്‍ക്കറ്റിന് പിന്നില്‍ നിന്ന് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ‘ഇന്നലെ വൈകീട്ട് 3.15ഓടെ പിടിയിലായ ആള് കുഞ്ഞുമായി ഇവിടെ എത്തി. മിഠായി തിന്നുകയായിരുന്നു കുട്ടി. ആലുവ മാര്‍ക്കറ്റിന് പിന്നിലേക്ക് മദ്യപിക്കാനെന്ന് പറഞ്ഞ് അയാൾ കുട്ടിയെയും കൂട്ടി പോയി. സംശയം തോന്നി ഈ കുഞ്ഞ് ഏതാണെന്ന് തിരക്കി. മകളാണെന്നാണ് പറഞ്ഞത്. പിന്നാലെ രണ്ട് മൂന്നുപേര്‍ പോയിരുന്നു. അത് അയാളുടെ കൂട്ടാളികളാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇവിടെ സ്ഥിരം മദ്യപാനം നടക്കാറുണ്ട്.’- സിറാജുദ്ദീന് പറഞ്ഞു.
കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറി എന്നത് അഷ്ഫാഖ് കള്ളം പറഞ്ഞതാണെന്നാണ് പൊലീസ് പറയുന്നത്. അഷ്ഫാഖ് തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്. മറ്റാരെങ്കിലും കൃത്യത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കവും പരിശോധിക്കുന്നുണ്ട്. മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി. ഇതേ കെട്ടിടത്തിൽ രണ്ട് ദിവസം മുമ്പ് താമസത്തിനെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. വെള്ളിയാഴ്ച പകൽ മൂന്നോടെയാണ് കുട്ടിയെ കാണാതാവുന്നത്. രാംധറിനു നാല് മക്കളുണ്ട്. സ്കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ.
രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ട് ജോലി കഴിഞ്ഞ് വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കുമായിരുന്നു.