തൃശൂര്‍ : കുതിരാന്‍ തുരങ്ക നിര്‍മാണത്തിലെ കരാര്‍ ലംഘനത്തെക്കുറിച്ചു കളക്ടര്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നേര്‍ക്കാഴ്ച സംഘടന ഡയറക്ടര്‍ പി.ബി. സതീഷാണ് ഇതു സംബന്ധിച്ചു പരാതി നല്‍കിയത്. ടണല്‍ ബോറിംഗ് മെഷിന് ഉപയോഗിച്ചു കുതിരാന്‍ മല തുരന്നു തുരങ്കം നിര്‍മിക്കണമെന്ന കരാര്‍ വ്യവസ്ഥ ലംഘിച്ച് ഉഗ്ര സ്ഫോടനം നടത്തിയാണു തുരങ്കം നിര്‍മിച്ചതെന്നും ഇതു കരാര്‍ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയപാത അഥോറിറ്റി കേരള റീജണല്‍ ഓഫീസറോടാണു കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. തുരങ്കത്തിന്റെ നിര്‍മാണ ദൃശ്യങ്ങള്‍ നല്‍കാത്തതു കരാര്‍ നിര്‍മാണ ലംഘനം പുറത്തുവരാതിരിക്കാനാണെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയിൽ കുതിരാൻ തുരങ്കത്തിനുള്ളിൽ ചോർച്ച കണ്ടെത്തിയിരുന്നു. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലാണ് ചോർച്ച കണ്ടെത്തിയത്. തുരങ്കത്തിന്റെ മുകൾ ഭാഗത്തുനിന്നും വെള്ളം ശക്തമായി താഴേയ്ക്ക് ഒലിച്ചിറങ്ങുകയായിരുന്നു.