ന്യൂഡൽഹി : ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം നൽകി സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം അനുവദിച്ചത്. കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് 2018 മുതൽ ഇരുവരും ജയിലിലാണ്. 2018ൽ ഭീമ കൊറേഗാവിൽ നടന്ന അക്രമങ്ങളിൽ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുൾപ്പെടെ 16 സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.. 2021ൽ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തിലേറെയായി ഇരുവരും തടവിലാണെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം ഗൗരവതരമാണെന്നത് ഇത്രയേറെ കാലം ജാമ്യം നൽകാതെ തടവിലിടാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുവാദമില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്പോർട്ട് എൻ.ഐ.എക്ക് കൈമാറണം, ഒരു മൊബൈൽ കണക്ഷൻ മാത്രം ഉപയോഗിക്കണം, മൊബൈൽ ലൊക്കേഷൻ എൻ.ഐ.എക്ക് എപ്പോഴും പരിശോധിക്കാൻ സാധിക്കണം, ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
2018 ൽ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്. ദലിതരുടെ സമ്മേളനത്തിലേക്ക് മറാത്ത സവർണർ നടത്തിയ ആക്രമണം ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് വളരുകയായിരുന്നു. ഭീമ കൊറേഗാവില്‍ നടന്ന സമ്മേളനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നും അവിടെ നടന്നത് മോദിയെ വധിക്കാനുള്ള ഗൂഢാലോചന ആണെന്നും ആരോപിച്ചാണ് സുധീര്‍ ധാവ്ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാൻ സാമി, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിങ് തുടങ്ങിയ 16 ഓളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്.