കൊച്ചി: കൊച്ചി നഗരത്തിന്റെ വിവിധയിങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കുടിവെള്ള വിതരണം മുടങ്ങും.കേരള വാട്ടര്‍ അതോറിറ്റി കലൂര്‍ സബ് ഡിവിഷന് പരിധിയിലുള്‍പ്പെട്ട തമ്മനം- പാലാരിവട്ടം റോഡില്‍ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. പാലാരിവട്ടം – തമ്മനം റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് വീണ്ടും തകര്‍ന്നത്.
കടവന്ത്ര, കതൃക്കടവ്, തമ്മനം, കലൂര്‍, ദേശാഭിമാനി, കറുകപ്പിള്ളി, പോണേക്കര, ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല ചളിക്കവട്ടം, പൊന്നുരുന്നി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരപരിധിയിലുളള 33 മുതല്‍ 44 വരെയുള്ള ഡിവിഷനുകളിലും 46, 47, 70,71, 72 ഡിവിഷനുകളിലും ചേരാനല്ലൂര്‍ പഞ്ചായത്തിലും വെള്ളി, ശനി ദിവസങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, അമ്മന്‍കോവില്‍, കാരിക്കാമുറി, എറണാകുളം ഗവ. ആശുപത്രി, രവിപുരം എന്നിവിടങ്ങളില്‍ ശനിയാഴ്ച ഭാഗികമായും ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍ണമായും കുടിവെള്ളം മുടങ്ങുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. മാസങ്ങൾക്ക് മുൻപാണ് ഇതേ പൈപ്പ് ലൈനിൽ പൊട്ടലുണ്ടായി ദിവസങ്ങളോളം കുടിവെള്ളം തടസ്സപ്പെട്ടത്.