ലക്നോ: വാരണാസി ഗ്യാൻവ്യാപി മസ്ജിദിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സർവേ തടഞ്ഞുള്ള ഉത്തരവിന്റെ കാലാവധി നീട്ടി അലഹബാദ് ഹൈക്കോടതി. വിഷയത്തിൽ വാദം നടക്കുന്നതിനാൽ ഓഗസ്റ്റ് മൂന്ന് വരെ സർവേ ആരംഭിക്കരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) കോടതി ആവശ്യപ്പെട്ടു.
നേരത്തെ, എഎസ്ഐയുടെ സർവേ ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഇന്ന് നടത്തിയ വാദത്തിനിടെയാണ് സ്റ്റേ നീട്ടുന്നതായി കോടതി അറിയിച്ചത്. ഗ്യാൻവ്യാപി മസ്ജിദ് ഉൾപ്പെടെ വാരണാസിയിലെ 22 മസ്ജിദുകളുടെ മേൽനോട്ടച്ചുമതലയുള്ള അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയാണ് സർവേയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ബുധനാഴ്ച വൈകുന്നേരം സുപ്രീം കോടതി സ്റ്റേയുടെ കാലാവധി അവസാനിക്കുമെന്നതിനാൽ അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണെന്ന് ചീഫ് ജസ്റ്റീസ് പ്രീതിങ്കർ ദിവാകറിനോട് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.