കണ്ണൂർ: സിപിഎം നേതാവ് പി.ജയരാജൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകി യുവമോർച്ച. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി അര്ജുന് മാവിലക്കണ്ടിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.സ്പീക്കർ എ.എൻ. ഷംസീറിന് നേരെ കൈയോങ്ങുന്ന യുവമോർച്ച പ്രവർത്തകരുടെ സ്ഥാനം മോര്‍ച്ചറിയിലാണെന്നാണ് പി. ജയരാജൻ പറഞ്ഞത്.
ജയരാജൻ കൊലവിളി നടത്തുകയാണെന്നും ഖാദി ബോർഡ് വൈസ് ചെയര്മാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ജയരാജന്റെ പരാമര്‍ശം. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ മുന്നറിയിപ്പ്.
ജോസഫ് മാഷിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളുമെന്ന് കരുതരുതെന്നും ഗണേഷ് പറഞ്ഞിരുന്നു.