ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം അവസാനിക്കുന്നില്ല. പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ ചുരാചന്ദ്പുര്‍ ജില്ലയില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. തോര്‍ബംഗ് മേഖലകളില്‍ കനത്ത വെടിവയ്പ്പ് നടക്കുന്നതായാണ് വിവരം.
പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പില്‍ ആരെങ്കിലും മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മേയ് മൂന്നിന് തുടങ്ങിയ കലാപം മൂന്നുമാസത്തോളമായി തുടരുകയാണ്. കേന്ദ്ര സേനയുടെയും മണിപ്പുര്‍ പൊലീസിന്റെയും അടിയന്തര ഇടപെടലുകള്‍ ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. കുക്കി മേയ്തേയ് വിഭാഗങ്ങളിലായി 160ല്‍ പരം ആളുകള്‍ ഇതുവരെ മരിച്ചെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി.മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ നല്കിയ “ഇന്ത്യ’ നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. എന്നാല്‍ പ്രധാനമന്ത്രി സംസാരിച്ചതിന് ശേഷം മാത്രം അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച മതിയെന്നാണ് പ്രതിപക്ഷ നിലപാട്.
അതേ സമയം, മണിപ്പുര്‍ കലാപം രൂക്ഷമായി തുടരുന്നതിനിടെ കുക്കി-മെയ്തേയ് വിഭാഗം പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി. രഹസ്യാന്വേഷണ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. സര്‍ക്കാരുമായുള്ള സസ്പെന്ഷന് ഓഫ് ഓപ്പറേഷന് കരാര്‍ പ്രകാരം മുന്‍ ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയാണ് ചര്‍ച്ച നടത്തിയത്. മെയ്തേയ് പൗരാവകാശ സംഘടനായ കോകോമിയുമായി ചേര്‍ന്നായിരുന്നു മിശ്രയുടെ കൂടിക്കാഴ്ച.
കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വ്യാപക വിമര്‍ശനം ഉയരുകയും സര്‍ക്കാരിനെതിരേ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.