ന്യൂഡൽഹി: അശ്ലീല വീഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലിനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വാട്സാപ്പിൽ മന്ത്രിക്കൊരു കോൾ വന്നു. അതെടുത്തയുടൻ അശ്ലീല ദൃശ്യങ്ങൾ കാണിക്കാൻ തുടങ്ങി. അദ്ദേഹം പെട്ടെന്ന് ഫോൺവച്ചു. പിന്നീട് മന്ത്രിയെ മറ്റൊരാൾ വിളിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മന്ത്രി പൊലീസിൽ പരാതി നൽകി. കേസിൽ മുഹമ്മദ് വക്കീൽ, മുഹമ്മദ് സാഹിബ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും ഇതിനുപിന്നിലുള്ള മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.