കൊച്ചി: റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബൈക്ക് യാത്രക്കാരൻ ഏനാനല്ലൂർ കിഴക്കേമുട്ടത്ത് ആൻസൺ റോയിക്കെതിരെയാണ് കേസെടുത്തത്.
അപകടത്തിന് കാരണം അലക്ഷ്യമായ ഡ്രൈവിംഗും അമിതവേഗതയുമാണെന്ന് പൊലീസ് അറിയിച്ചു. യുവാവിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. ആൻസൺ റോയ് സ്ഥിരം കുറ്റവാളിയാണെന്നും, വധശ്രമം അടക്കം നാല് കേസുകളിൽ പ്രതിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാൾ കഞ്ചാവ് കേസിലും പ്രതിയാണെന്നാണ് സൂചന.അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ തലയ്ക്കേറ്റ പരിക്ക് സാരമുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
അപകടത്തിനുശേഷവും ആൻസൺ പ്രകോപനപരമായാണു പെരുമാറിയതെന്നും തട്ടിക്കയറിയെന്നും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവിനെ അഡ്മിറ്റ് ചെയ്തിരുന്ന ആശുപത്രിയ്ക്ക് മുന്നിൽ നമിതയുടെ സഹപാഠികൾ പ്രതിഷേധിച്ചിരുന്നു. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നമിതയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിർമ്മല കോളേജിന് മുന്നിൽവച്ചായിരുന്നു അപകടം. ബി.കോം അവസാനവർഷ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ ആർ. നമിതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയിൽ എം.ഡി. ജയരാജന്റെ മകൾ അനുശ്രീരാജിന് പരിക്കേറ്റിരുന്നു. അപകടത്തിൽ ആൻസണും പരിക്കേറ്റിരുന്നു.