അഹമ്മദാബാദ് : ഒരാഴ്ചക്കാലത്തിനുള്ളിൽ പോഷകക്കുറവ് മൂലം ഗുജറാത്തിൽ ഏഴ് കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ടുകൾ. ജൂൺ ഏഴ് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കച്ച് മേഖലയിലെ ലഡ്ബായ് ഗ്രാമത്തിലാണ് പോഷകക്കുറവ് മൂലം അഞ്ച് കുട്ടികൾ മരിച്ചുവീണത്. നവജാതശിശുക്കൾ മുതൽ ഒന്നര വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ശിശുക്ഷേമത്തിനായി പ്രതിവർഷം 1,000 കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവയ്ക്കുന്നതിനിടയിലാണ് ഈ സംഭവം. കുട്ടികൾ മരിച്ചതിനെത്തുടർന്ന്, ഗ്രാമമുഖ്യന്റെ ക്ഷണപ്രകാരം മുംബൈയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഗ്രാമത്തിൽ പരിശോധനാ ക്യാമ്പ് നടത്തിയിരുന്നു. ക്യാമ്പിൽ പരിശോധനയ്ക്കായി എത്തിയ 322 കുട്ടികളിൽ 39 കുട്ടികൾക്ക് പോഷകക്കുറവ് ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ലഡ്ബായ് ഗ്രാമത്തിൽ പോഷകക്കുറവ് മൂലം കുട്ടികൾ മരണപ്പെട്ട സംഭവത്തെപ്പറ്റിയുള്ള വാർത്തകൾ തെറ്റിധാരണാജനകമാണെന്ന് കച്ച് ജില്ലാ വികസന ഓഫീസർ അറിയിച്ചു. ഗ്രാമത്തിലെ രണ്ട് കുട്ടികൾ മാത്രമാണ് ജൂൺ മാസത്തിൽ പോഷകക്കുറവ് മൂലം മരണപ്പെട്ടതെന്നും മറ്റ് കുട്ടികൾ മരിച്ചത് വിളർച്ച, പനി എന്നീ കാരണങ്ങളാണെന്നും ഡിഡിഒ അറിയിച്ചു.