ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ നൽകാൻ സാദ്ധ്യത. ഇന്ത്യ സഖ്യത്തിലുള്ള എംപിമാരുടെ ഒപ്പുകൾ ഇന്ന് ശേഖരിച്ചേക്കും. പത്ത് മണിക്ക് ഇന്ത്യ സഖ്യ കക്ഷികൾ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
എല്ലാ എംപിമാരോടും പാർലമെന്ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശം നൽകി കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ലോക്സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം. അതേസമയം, വിഷയത്തിൽ റൂൾ 176 അനുസരിച്ച് ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തിൽ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ച മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുകയാണ്. മെയ്ത്തൈയ് വിഭാഗക്കാർ പലായനം ചെയ്യുന്ന മിസോറാമിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് അമിത്ഷാ കോൺഗ്രസിന് കത്ത് നൽകിയത്. മല്ലികാർജുൻ ഖർഗെയ്ക്കും അധിർ രഞ്ജൻ ചൗധരിക്കുമാണ് കത്ത് നൽകിയത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായതിനെ തുടർന്നാണ് അമിത് ഷായുടെ പുതിയ നീക്കം. അതിനിടെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. മോദിക്ക് ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര് തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരില്‍ വീണ്ടും പടുത്തുയർത്തുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.