പാലക്കാട് : തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ ചോർച്ച കണ്ടെത്തി. തുരങ്കത്തിനുള്ളിലെ ഒരു ഭാഗത്ത് നിന്നും വെള്ളം ശക്തിയായി താഴേയ്ക്ക് ഒലിച്ചിറങ്ങുകയാണ്.
തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ മുകൾ ഭാഗത്തു നിന്നാണ് വെള്ളം ചോരുന്നത് ശ്രദ്ധയിൽപെട്ടത്. പ്രദേശത്ത് ഇന്ന് കനത്ത മഴയുണ്ടായിരുന്നു. അടുത്തിടെ കുതിരാൻ തുരങ്കത്തിന് സമീപം റോഡ് വശത്തേക്ക് ഇടിഞ്ഞു താഴ്ന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നാലെ തുരങ്കത്തിനുള്ളിൽ ചോർച്ച കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ദേശീയപാത അതോറിറ്റി അധികൃതർ തുരങ്കത്തിൽ പരിശോധന നടത്തും.