കൊച്ചി : രണ്ടുപേർ തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമാണെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മുൻ കേരള ഡിജിപി ലവ് ജിഹാദ് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത്.
ലവ് ജിഹാദ് ഇല്ലെന്ന് ആദ്യമായി ഔദ്യോഗിക പ്രസ്താവന നടത്തിയത് താങ്കളാണല്ലോ എന്നായിരുന്നു ചോദ്യം.കേരളം വളരെ മതേതര സംസ്ഥാനമാണെന്ന് താൻ എപ്പോഴും പറയാറുണ്ടെന്ന് ബെഹ്റ പറഞ്ഞു. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്ത മതങ്ങളിൽ പെട്ട രണ്ടുപേർ തമ്മിലുള്ള വിവാഹം ഇവിടെ ഒരു സാധാരണ സംഭവമാണ്. ഒരു പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട ആൺകുട്ടിയെ വിവാഹം കഴിച്ചാൽ അതിൽ എന്താണ് തെറ്റെന്നും ബെഹ്റ ചോദിച്ചു.
“ലവ് ജിഹാദ് എന്ന പദം ഞാന്‍ അംഗീകരിക്കുന്നില്ല. ഇത് നമ്മുടെ സമൂഹത്തെ വർഗീയവൽക്കരിക്കാൻ പാടില്ലെന്നാണ് എന്റെ ചിന്ത. നമുക്ക് സമാധാനത്തോടെ ജീവിക്കണം. ഇന്ത്യ ഒരു മതേതര രാജ്യമാണ്. നമ്മുടെ മനസ്സിലും ഹൃദയത്തിലും നാം മതേതരരായിരിക്കണം. രണ്ടു പേർ പരസ്പരം സ്നേഹിക്കുന്നു, വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മളും അതില്‍ സന്തോഷിക്കണം. ഭാര്യ പള്ളിയില്‍ പോകുന്ന ഭർത്താവ് അമ്പലത്തില്‍ പോകുന്ന കുടുംബങ്ങൾ ഞാൻ കേരളത്തിൽ കണ്ടിട്ടുണ്ട്. അവർ തങ്ങളുടെ മതങ്ങള്‍ പിന്തുടർന്ന് സന്തോഷത്തോടെ ജീവിക്കുന്നു. വിവാദമുണ്ടാക്കാനായി വിവാദം ഉണ്ടാക്കുന്നത് ശരിയല്ല. ഇത് തന്നെയാണ് ഞാൻ നേരത്തെയും പറഞ്ഞത്”.-ബെഹ്റ പറഞ്ഞു