ന്യൂഡൽഹി: മണിപ്പുർ വിഷയം വളരെ സെൻസിറ്റീവ് ആണെന്നും പാർലമെന്റിൽ ഇതേപ്പറ്റി ഉറപ്പായും ചർച്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പുർ വിഷയത്തിൽ നിന്ന് മോദി സർക്കാർ ഒളിച്ചോടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ലോക്സഭയിൽ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ഷായുടെ ഈ പ്രസ്താവന.
വിഷയം ചർച്ച ചെയ്യണമെന്ന് ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നിരവധി അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ചർച്ച പ്രതിപക്ഷം അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് സഭയിലെ പ്രതിഷേധം ചൂണ്ടിക്കാട്ടി ഷാ പറഞ്ഞു.ചർച്ച നടത്താൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെടുകയാണ്. മണിപ്പുരിനെ സംബന്ധിച്ച സത്യങ്ങൾ രാജ്യം മുഴുവൻ അറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഷാ പ്രസ്താവിച്ചു.