തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാലം മുതൽ കോൺഗ്രസിൽ അതി പ്രധാനിയായി മാറിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് 53 വർഷവും ഉമ്മൻ ചാണ്ടി നിലകൊണ്ടു. പാർലമെന്ററി പ്രവർത്തനത്തിൽ അതൊരു റെക്കോർഡാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചെറുപ്പകാലം മുതൽ കോൺഗ്രസിന്റെ അതിപ്രധാനിയായി ഉമ്മൻചാണ്ടി മാറി.1970 ലെ നിയമസഭയിൽ ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടായിരുന്നു. പാർലമെന്ററി പ്രവർത്തനത്തിലെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. ഒന്നിച്ചാണ് ഞങ്ങൾ സഭയിൽ എത്തിയത്. വിവിധ വകുപ്പുകൾ ഉമ്മൻചാണ്ടി നല്ല രീതിയിൽ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു. പാർട്ടിയെ എല്ലാ രീതിയിലും ശക്തി പ്പെടുത്താൻ അങ്ങേയറ്റം പ്രാധാന്യം നൽകി. യുഡിഎഫ് മുന്നണിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു. രോഗത്തിന് മുന്നിൽ ഒരു ഘട്ടത്തിലും തളരാതെ നിന്നു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നിൽ തളർന്നില്ല. തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നുവെന്നും പിണറായി പറഞ്ഞു.
വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ്. അതി കഠിനമായ രോഗാവസ്ഥയിൽ പോലും കേരളത്തിൽ ഓടിയെത്തുന്ന ഉമ്മൻചാണ്ടിയെ ആണ് കാണാൻ കഴിഞ്ഞത്. അതായിരുന്നു ഉമ്മൻചാണ്ടി. യുഡിഎഫിനും നഷ്ടമാണ്. ഉടനൊന്നും നികത്താൻ കഴിയാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻചാണ്ടിക്കുള്ള സിന്ദാബാദ് വിളികളും സദസ്സിൽ നിന്നും ഉയർന്നു. സിന്ദാബാദ് വിളി ഉച്ചത്തിലായതോടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വേദിയിൽ നിന്ന് പ്രവർത്തകരോട് നിശബ്ദരാവാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മുദ്രാവാക്യം വിളി നിർത്തിയതോടയാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
ജനപ്രതിനിധിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറ്റിയെഴുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു . മനസ് തകർന്നവർക്ക് രക്ഷകനായിരുന്നു ഉമ്മൻ ചാണ്ടി. വെട്ടിപ്പിടിക്കുന്നതിനേക്കാൾ വിട്ട് കൊടുക്കുന്നതിനാണ് ഉമ്മൻ ചാണ്ടി പ്രാധാന്യം നൽകിയത്.വന്യമായ ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വന്നത്. എന്നാൽ, തരം താണ രീതിയിൽ അക്ഷേപിച്ചവരോട് പോലും അതേ രീതിയിൽ ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച നേതാവാണെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മത സാമുദായിക നേതാക്കളും പങ്കെടുക്കുന്നു. ഉമ്മൻചാണ്ടി അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ എ.കെ ആന്റണിയും രമേശ് ചെന്നിത്തലയുമാണ് നിർദേശിച്ചത്. കെ.സുധാകരനും വി.ഡി.സതീശനും ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇവർ പിന്നീട് നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.