ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിക്ക് സസ്പെന്ഷന്. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെയാണ് നടപ്പ് സമ്മേളനം അവസാനിക്കുന്നതുവരെ സസ്പെന്‍ഡ് ചെയ്തത്. ചെയറിന്റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിക്കെതിരേ രാജ്യസഭാ സ്പീക്കറും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍ നടപടിയെടുത്തത്. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമായി. അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് വരെ നിര്‍ത്തിവച്ചു.