കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് കോളജ് അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാങ്കേതിക തകരാറുള്ള ബ്രത്തലൈസറുമായി പരിശോധനയ്ക്കിറങ്ങിയതാണ് അധ്യാപകനെ സ്റ്റേഷനിൽ കയറ്റിയത്. അവസാനം സത്യം പുറത്തുവന്നതോടെ മാപ്പു പറഞ്ഞ് പൊലീസ് തടിയൂരുകയായിരുന്നു.
ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറിൽ വരികയായിരുന്ന കോളജ് അധ്യാപകൻ കൂടിയായ ഡോ. ലാലു ജോർജാണ് അപമാനിതനായത്. ശനിയാഴ്ച രാത്രി 7.30ന് നോർത്ത് കളമശേരിയിൽ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവമുണ്ടായത്. ബ്രത്തലൈസറിൽ ഊതിച്ചപ്പോൾ മദ്യപിച്ചതായി കാണിക്കുകയായിരുന്നു. ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും പറഞ്ഞിട്ടും ഇത് കേൾക്കാൻ പൊലീസ് തയാറായില്ല. ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി.
സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവർത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനിൽ നിർത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടർന്നു മറ്റൊരു ബ്രത്തനലൈസർ കൊണ്ടുവന്നു പരിശോധിച്ചപ്പോൾ മദ്യപിച്ചില്ലെന്ന് മനസിലാവുകയായിരുന്നു. തെറ്റുപറ്റിയെന്നു ബോധ്യമായതോടെ പൊലീസുകാർ ക്ഷമ പറഞ്ഞു. തിരികെ വീട്ടിൽ കൊണ്ടുചെന്നാക്കി. അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ ലാലുവിനെ വിളിച്ചു ക്ഷമ ചോദിച്ചു.