പോർട്ട് ഓഫ് സ്പെയിൻ: രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ സമ്മർദത്തിലാക്കി ഇന്ത്യ. നാലാം ദിനം കളിനിർത്തുന്പോൾ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റണ്‍സ് എന്ന നിലയിലാണ് വിൻഡീസ്. 24 റണ്‍സുമായി ടാഗനറൈൻ ചന്ദർപോളും 20 റണ്‍സുമായി ജെർമെയ്ൻ ബ്ലാക്ക്വുഡുമാണ് ക്രീസിൽ.
രണ്ടാം ഇന്നിംഗ്സിൽ 365 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ വിൻഡീസിനു മുന്നിൽ വച്ചത്. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 181-2 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ രോഹിത്ത് ശർമ്മയുടെയും (57) ഇഷൻ കിഷന്റെയും (പുറത്താകാതെ 52) അർധ സെഞ്ചുറികളാണ് ഇന്ത്യക്ക് കരുത്തായത്. ജെയ്സ്വാൾ 38 റണ്‍സും ശുഭ്മാൻ ഗിൽ 29 റണ്‍സും നേടി.
ഇന്ത്യയുടെ 438 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ക്രീസിലെത്തിയ ആതിഥേയരുടെ ഇന്നിംഗ്സ് 255ൽ അവസാനിച്ചു. ഇന്ത്യക്ക് 183 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യക്കായി പേസർ മുഹമ്മദ് സിറാജ് 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റണ്‍സ് എന്ന നിലയിലാണ് നാലാംദിനം വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്.