പാലക്കാട്: പിടി 7 എന്ന കാട്ടാനയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടർമാർ. ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതിയില്ലാത്തതാണ് തുടർ ചികിത്സ വൈകാൻ കാരണം.
പിടി-7 നെ കൂട്ടിൽ നിന്ന് പുറത്തിറക്കാൻ ഇതുവരെ അനുമതി ലഭിച്ചില്ല. കൂട്ടിൽ നിന്ന് പുറത്തിറക്കിയാലേ തുടർ പരിശോധന നടത്താനാകൂ. ആനയ്ക്ക് ചികിത്സാസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിഎഫ്ഒക്ക് കത്തയച്ചിരുന്നു. അടിയന്തര ചികിത്സ ആവശ്യപ്പെട്ടുള്ള ഡോക്ടറുടെ കത്തിൽ വനം വകുപ്പ് ഇതുവരെ തുടർ നടപടി സ്വീകരിച്ചിട്ടില്ല.
ചികിത്സ വൈകിയാൽ ആനയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടമായേക്കും എന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. പാലക്കാട് ധോണിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ (പിടി 7).