മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്സില്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന് ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി.
ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മമ്മൂട്ടി സെറ്റിലെത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ് മാധ്യമങ്ങള്‍ അന്വേഷിക്കുന്നതായി നിര്‍മാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞു ”പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം”. വൈകാതെ സെറ്റില്‍ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി.
നന്‍പകല്‍ നേരത്ത് എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. 2009ൽ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിനാണ് ഇതിന് മുമ്പ് അവാർഡ് കിട്ടിയത്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾ മമ്മൂട്ടിയുടെ പുരസ്കാര നേട്ടത്തിൽ അഭിനന്ദനം അറിയിച്ചെത്തിയിരുന്നു.നൻപകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഇന്നലെ മമ്മൂട്ടിയെ വീട്ടിൽ പോയി കണ്ടിരുന്നു.