ന്യൂഡൽഹി :മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ല്‍ കര്‍ണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
കര്‍ണാടകയില്‍ നിന്നുള്ള ജിസി ചന്ദ്രശേഖര്‍, സയ്യിദ് നസീര്‍ ഹുസൈന്, എല്‍ ഹനുമന്തയ്യ (കോണ്‍ഗ്രസ്), രാജീവ് ചന്ദ്രശേഖര്‍ (ബിജെപി) എന്നിവരുടെ കാലാവധി 2024 ഏപ്രില്‍ 2 ന് അവസാനിക്കും. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന് കണക്കുപ്രകാരം ഇവിടെനിന്ന് നാലിൽ മൂന്ന് പേരെ ഇനിയും അനായാസം ജയിപ്പിച്ചെടുക്കാം. മല്ലികാർജുൻ ഖർഗെയുടെ വിശ്വസ്തനെന്ന നിലയിൽ നസീര്‍ ഹുസൈന് കോണ്‍ഗ്രസ് രണ്ടാമൂഴം നല്‍കിയേക്കും. എഐസിസി വക്താവ് സുപ്രിയ ശ്രീനേതിനും സീറ്റ് നല്കാന് സാധ്യതയുണ്ട്. മൂന്നാം സീറ്റില്‍ സോണിയ മത്സരിക്കും എന്നാണ് സൂചന.
നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. അടുത്തിടെ പ്രതിപക്ഷ നേതൃയോഗത്തില്‍ പങ്കെടുക്കാനായി ബെംഗളൂരുവില്‍ എത്തിയ സമയത്താണ്, മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയയോട് കര്‍ണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. സോണിയ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലെങ്കിലും, അവര്‍ ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഇപ്പോഴത്തെ ഔദ്യോഗിക വസതിയായ 10 ജൻപഥ് നിലനിർത്താൻ സോണിയയ്ക്ക് കഴിയും. 1989ൽ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇവിടെയെത്തിയതു മുതൽ സോണിയയുടെ താമസം ഈ വസതിയിലാണ്. അടുത്തിടെ സോണിയയുടെ മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് ഡൽഹിയിലെ ഔദ്യോഗിക വസതികൾ നഷ്ടമായിരുന്നു. മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നത്. സുരക്ഷാ കാരണങ്ങളാൽ 1997ൽ അനുവദിച്ച വസതിയിൽനിന്ന് പ്രിയങ്ക 2022 ജൂലൈയിൽ ഒഴിഞ്ഞിരുന്നു.