കോഴിക്കോട്: താൻ പാർട്ടിയുടെ ഒരു അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടിയുടെ ഭാഗമാക്കാതിരിക്കനാണ് ശ്രമമെങ്കിൽ ആ വെള്ളം വാങ്ങിവെക്കണം. താൻ അച്ചടക്കം ലംഘിച്ചെന്ന് പറയുന്ന സുധീറിനെ അറിയില്ല. ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നത്. ബൂത്ത്തല പ്രവർത്തകർക്കൊപ്പം ഇനി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് മത്സ്യതൊഴിലാളികളുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രതികരണം.
‘ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല’. ഏതെങ്കിലും രീതിയിൽ താൻ പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.നേതൃത്വത്തിനെതിരെ താന്‍ എന്താണ് പറഞ്ഞത്. കേരളത്തിന്റെ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് താന്‍ ഉന്നയിക്കുന്നത്. ബിജെപി തന്റെ കൂടി പാര്‍ട്ടിയാണ്. രാഷ്ട്രീയപ്രതിയോഗികള്‍ക്ക് ആയുധം നല്കുന്ന പണി തനിക്കില്ലെന്നും ശോഭ പ്രതികരിച്ചു.
ഒരിടവേളയ്ക്ക് ശേഷം പാർട്ടി വേദികളിലും പൊതു പരിപാടികളിലും സജീവമാകുകയാണ് ശോഭ സുരേന്ദ്രൻ. അനൗദ്യോഗിക വിലക്കിനിടെയാണ് കോഴിക്കോട് രണ്ടാമത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്.മത്സ്യത്തൊഴിലാളികളുടെ സമരപരിപാടിയില്‍ ശോഭയെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായിരുന്നു. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി.മുരളീധരപക്ഷമാണ് കോഴിക്കോട് ജില്ലയിലെ ബിജെപിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ രംഗത്തെത്തിയത്. ഇത് അവഗണിച്ചുകൊണ്ടാണ് ശോഭ പരിപാടിയില്‍ പങ്കെടുത്തത്.