തിരുവനന്തപുരം : കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്ഇബി. വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കിൽ പിരിച്ചെടുക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നൽകി. ഉപയോക്താക്കളിൽനിന്ന് 3260 കോടി രൂപയോളമാണ് പിരിഞ്ഞുകിട്ടാനുള്ളത്. 20 മുതൽ ഡിസംബർ 30 വരെയാണ് കുടിശ്ശിക തീർപ്പാക്കൽ പദ്ധതി.
രണ്ടു വർഷമോ അതിൽ കൂടുതലോ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്കാണ് ഇളവ്. കുടിശികയ്ക്ക് മേൽ പലിശയിളവും തവണകളായി അടയ്ക്കാമെന്നതുമാണ് ആകർഷണം. വൈദ്യുതി കുടിശ്ശികയ്ക്ക് 18ശതമാനം പലിശയാണ് കെഎസ്ഇബി ഈടാക്കുന്നത്. ഒറ്റത്തവണ പദ്ധതിയിൽ രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കുടിശ്ശികയ്ക്ക് ആറ് ശതമാനം പലിശയേ ഈടാക്കൂ. അഞ്ച് മുതൽ 15 വർഷം വരെയുള്ള കുടിശികയ്ക്ക് അഞ്ച് ശതമാനവും 15 വർഷത്തിൽ കൂടുതലുള്ള കുടിശികയ്ക്ക് നാലുശതമാനവുമാണ് പലിശ.
പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് മുതലും പലിശയും തിരിച്ചടയ്ക്കാൻ 12 തവണ വരെ അനുവദിക്കും. കോടതി നടപടികളിൽ കുടുങ്ങിക്കിടക്കുന്ന കുടിശ്ശികകളും പദ്ധതിയിൽ അടച്ചു തീർക്കാം. വർഷങ്ങളായി പ്രവർത്തന രഹിതമായിക്കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങൾക്ക് കാലയളവിൽ അടയ്ക്കേണ്ട മിനിമം ഡിമാൻഡ് ചാർജ്, പുനർനിർണയം ചെയ്ത് കുറവുവരുത്തി നൽകും. മുൻവർഷങ്ങളിൽ തവണ വ്യവസ്ഥയിൽ അടയ്ക്കാൻ ശ്രമിച്ച് സാധിക്കാതെ പോയവർക്കും ആനുകൂല്യമുണ്ട്.