ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിന് പീഡനക്കേസിൽ സ്ഥിരം ജാമ്യം അനുവദിച്ച് ഡൽഹി കോടതി. വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ബ്രിജ് ഭൂഷണിനൊപ്പം ഡബ്ല്യൂഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചു.
അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലാണ് ജാമ്യം അനുവദിച്ചത്. ഇരുവരും 25,000 രൂപ വീതം കെട്ടിവയ്ക്കണം, ഇന്ത്യ വിട്ടുപോകാൻ പാടില്ല, സാക്ഷകളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. ബ്രിജ്ഭൂഷണിന്റെ അടുത്ത അനുയായി ആയ വിനോദ് തോമറാണ് ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. കായിക മന്ത്രാലയവും ഗുസ്തിതാരങ്ങളും തമ്മിൽ നടന്ന ചർച്ചയെ തുടർന്ന് ജനുവരിയിൽ വിനോദിനെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച ബ്രിജ് ഭൂഷൺ സിംഗിന് കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.