ബംഗളൂരു: ഹെബ്ബാളിനടുത്തുള്ള സുല്ത്താന്പാളയില് നിന്നും ആയുധങ്ങളുമായി പിടിയിലായവര്‍ ബംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട തീവ്രവാദസംഘമെന്ന് പൊലീസ് . കര്‍ണാടക സ്വദേശികളായ സയിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരാണ് ബുധനാഴ്ച പുര്‍ച്ചെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ (സിസിബി) പിടിയിലായത്.
ആക്രമണ പദ്ധതിയുടെ സൂത്രധാരന്‍ തടിയന്റവിട നസീറാണെന്നും ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വച്ച് ഇവരെ തീവ്രവാദപ്രവര്‍ത്തനത്തിന് നസീര്‍ പ്രേരിപ്പിക്കുയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഒളിവിലുള്ള അഞ്ച് പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ബംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ് വ്യക്തമാക്കി. പിടിയിലായവരുടെ പക്കല്‍ നിന്നും തോക്കുകളുടെയും സ്ഫോടകവസ്തുക്കളുടെയും വന്‍ശേഖരം പിടിച്ചെടുത്തിരുന്നു.
നാല് വാക്കി-ടോക്കികള്‍, ഏഴ് നാടന്‍ പിസ്റ്റളുകള്‍, 42 ലൈവ് ബുള്ളറ്റുകള്‍, രണ്ട് കഠാരകള്‍, രണ്ട് സാറ്റലൈറ്റ് ഫോണുകള്‍, നാല് ഗ്രനേഡുകള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.ഇവര്‍ക്ക് ലഷ്കര്‍-ഇ-തൊയ്ബ ഭീകരരുമായി ബന്ധമുണ്ടെന്ന് സിസിബി കണ്ടെത്തി. സംഘം ബംഗളൂരുവില്‍ വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. 10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്.