കോഴിക്കോട്: കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. മുസ്ലിം സമുദായത്തെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാമെന്ന ചിന്ത എവി ഗോവിന്ദന് മനസ്സില്‍ വച്ചാല്‍ മതിയെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോവിന്ദന് വിചാരിക്കുന്നത് മുസ്ലിംകള് യാഥാസ്ഥിതികരാണ്, അന്ധവിശ്വാസികളാണ് എന്നൊക്കെയാണ്. അങ്ങനെയല്ല. മലപ്പുറത്തെ തട്ടമിട്ട ഉമ്മാക്കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്കു വാങ്ങുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അബ്ദുല്ലക്കുട്ടി ഗോവിന്ദനെ ഓര്‍മിപ്പിച്ചു. പണ്ട് എംവി രാഘവന് ബദല്‍ രേഖയുമായി വന്നപ്പോള്‍ ആ ബദല്‍ രേഖയുടെ താത്വിക പ്രചാരകനായിരുന്നു ഗോവിന്ദന് മാഷ്. മുസ്ലിം ലീഗിനെ കൂട്ടിയില്ലെങ്കില്‍ കയ്യൂരും കരിവള്ളൂരും പുന്നപ്ര വയലാറും പോലും സിപിഎം ജയിക്കില്ലെന്നാണ് ഗോവിന്ദന് മാഷ് അന്നു പറഞ്ഞത്. അതിന് പിണറായിയും വിഎസും ഗോവിന്ദന് മാഷെ മോറാഴ ബ്രാഞ്ചില്‍ കൊണ്ടുപോയി താഴ്ത്തിയിരുത്തി. ഇപ്പോള്‍ ലീഗിനെ കൂട്ടണമെന്ന് പറഞ്ഞ് ആ പിണറായി വിജയനോട് ഇപ്പോള്‍ ഗോവിന്ദന് മാഷ് മധുരമായി പകരം വീട്ടുകയാണ്- അബ്ദുല്ലക്കുട്ടി പറഞ്ഞു.
1937ല്‍ ബ്രിട്ടിഷുകാര്‍ എഴുതിവച്ചിട്ടുള്ള മുസ്ലിം വ്യക്തിനിയമം ഖുര്‍ ആനും പ്രവാചകനും എതിരാണ്. ഇന്ത്യയില്‍ എഴുതിവച്ചിട്ടുള്ള വ്യക്തിനിയമത്തില്‍ ദത്ത് മുസ്ലിംകള്ക്ക് അനുവദനീയമല്ല. എന്നാല്‍, ഇന്ത്യ ഒഴികെ എല്ലാ മുസ്ലിം രാജ്യങ്ങളിലും ദത്തവകാശം മുസ്ലിംകള്‍ക്കുണ്ട്. മുഹമ്മദ് നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദത്തുപുത്രന്റെ പേര് മുഹമ്മദ് സയീദ് എന്നായിരുന്നു. മുഹമ്മദ് നബിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ആയിഷാ ബീവി നിരവധി കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തിയിട്ടുണ്ട്. അനാഥരെ സംരക്ഷിക്കണമെന്ന ആശയത്തിന്റെ പ്രചാരകയായിരുന്നു പ്രവാചകന്റെ പ്രിയ പത്നി ആയിഷാ ബീവി.’
മുസ്ലിം രാജ്യമായ മൊറോക്കോയില്‍ ബഹുഭാര്യാത്വം നിരോധിച്ചിരിക്കുന്നു, ഈജിപ്തില്‍ വല്യുപ്പാന്റെ സ്വത്തിന് പേരക്കുട്ടികള്‍ അവകാശികളാണ്- അബ്ദുല്ലക്കുട്ടി പറഞ്ഞു.ബഹുഭാര്യത്വത്തിനു വേണ്ടി ഏതെങ്കിലും മുസ്ലിം നേതാവിന് ഇന്ന് വാദിക്കാന്‍ പറ്റുമോ? അങ്ങനെയാണെങ്കില്‍ അവരെയൊന്നും ഭാര്യയും മക്കളും വീട്ടില്‍ നിര്‍ത്തില്ല. അടിച്ചോടിക്കും. സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ നമ്മള് ശ്രദ്ധിക്കണം. ബ്രിട്ടിഷുകാരുണ്ടാക്കിയ മുസ്!ലിം വ്യക്തിനിയമം പരിശുദ്ധ ഖുര്‍ ആനെതിരാണെന്ന് കേരളത്തിലെ മുസ്!ലിം സമുദായം തിരിച്ചറിയുന്നതായി താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.