കോഴിക്കോട്: എടവണ്ണയിലെ സദാചാര ആക്രമണത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം അഞ്ച് പേര് അറസ്റ്റില്‍. പഞ്ചായത്തംഗവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഒതായി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ജൂലായ് പതിമൂന്നിനാണ് എടവണ്ണ ഓതായി സ്വദേശിനി, സഹോദരന് എന്നിവര്‍ക്ക് നേരെ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സദാചാരആക്രമണം ഉണ്ടായത്. വണ്ടൂരിലെ കോളജ് വിദ്യാർഥിനിയും എടവണ്ണയിലെ സ്കൂൾ വിദ്യാർഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാൻഡിൽ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാൾ ഇതു മൊബൈലിൽ പകർത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോൾ വാക്കേറ്റമാവുകയും തുടർന്നു കൂട്ടം ചേർന്നു മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണു പരാതി. പൊലീസെത്തിയാണു സംഘർഷം അവസാനിപ്പിച്ചത്.
സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്ത് അംഹം ജസീല്‍, ഗഫൂര്‍ തൂവക്കാട്, കരീം മുണ്ടേങ്ങര, മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്തിരുന്നു. വണ്ടൂര്‍ കോ-ഓപ്പറേറ്റിവ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. സഹോദരന് പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ഈ സംഭവത്തിനു പിറ്റേന്നു ‘ജനകീയകൂട്ടായ്മ’യുടെ പേരിൽ വിദ്യാർഥികൾക്കു മുന്നറിയിപ്പായും വിദ്യാർഥി പക്ഷത്തിന്റെ മറുപടിയായും ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. അഞ്ചുമണിക്കു ശേഷം ബസ് സ്റ്റാൻഡ് പരിസരത്തു വിദ്യാർഥികളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുനൽകി ജനകീയ കൂട്ടായ്മ ഫ്ലെക്സ് വയ്ക്കുകയായിരുന്നു. എന്നാൽ ‘രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണു ബസ് കൺസഷൻ സമയമെന്നും 5നു ശേഷം കണ്ടാൽ കൈകാര്യം ചെയ്തു കളയുമെന്നു ബോർഡ് വയ്ക്കാൻ അധികാരമില്ലെന്നും’ വിദ്യാർഥിപക്ഷ’ മെന്ന പേരിൽ മറുപടി ഫ്ലെക്സും പ്രത്യക്ഷപ്പെട്ടു. പിന്നാലെ പൊലീസെത്തി രണ്ടു ബോർഡുകളും നീക്കം ചെയ്യുകയായിരുന്നു.