ഇസ്ലാമബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ കടുത്ത നിലപാടു സ്വീകരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തുന്നതിൽനിന്ന് പിൻമാറാനാണ് പാക്കിസ്ഥാൻ ആലോചിക്കുന്നത്. കൂടുതൽ മത്സരങ്ങൾ പാക്കിസ്ഥാനിൽ തന്നെ നടത്തണമെന്നാണ് പിസിബിയുടെ പുതിയ നിലപാട്.
പാക്കിസ്ഥാൻ തന്നെ മുന്നോട്ടുവച്ച ‘ഹൈബ്രിഡ്’ മോഡലായി ഏഷ്യാകപ്പ് ക്രിക്കറ്റ് നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ പിസിബി തലവനായി സാക്ക അഷറഫ് ചുമതലയേറ്റതോടെ അവർ തീരുമാനം മാറ്റി. ഇതോടെ ടൂർണമെന്റ് നടത്തിപ്പ് പ്രതിസന്ധിയിലായി.ഏഷ്യാ കപ്പിലെ നാലു മത്സരങ്ങൾ പാക്കിസ്ഥാനിലും ബാക്കി ശ്രീലങ്കയിലും നടത്താനാണു നേരത്തേ ധാരണയായത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കേണ്ടത്.
ഏഷ്യാകപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന ഉറച്ച നിലപാടാണ് ബിസിസിഐ തുടക്കം മുതൽ സ്വീകരിച്ചത്. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാക്കിസ്ഥാനു പുറത്തുനടത്താമെന്ന ‘ഹൈബ്രിഡ്’ മോഡലുമായി പാക്കിസ്ഥാനെത്തി. ചർച്ചകള്‍ക്കു ശേഷം ഇന്ത്യയുടെ കളികളും മറ്റു പ്രധാന മത്സരങ്ങളും ശ്രീലങ്കയിൽ നടത്താൻ ധാരണയായി.
ഇതു പ്രകാരം നാലു കളികൾ മാത്രമായിരിക്കും പാക്കിസ്ഥാന് സ്വന്തം സ്റ്റേഡിയങ്ങളിൽ നടത്താൻ സാധിക്കുക. ഏഷ്യാകപ്പിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ സർക്കാർ സമ്മർദം ചെലുത്തിയതോടെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റി. ഇന്ത്യ ഏഷ്യാകപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോയില്ലെങ്കിൽ, പാക്കിസ്ഥാൻ ടീമിനെ ഇന്ത്യയിലേക്ക് ലോകകപ്പിന് അയക്കില്ലെന്ന് പാക്ക് സർക്കാർ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ലോകകപ്പ് കളിക്കണോയെന്നു തീരുമാനിക്കാൻ സമിതിയെ വച്ചിരിക്കുകയാണ് പാക്കിസ്ഥാനിപ്പോള്‍.