ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ്. മഅദനിക്ക് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീംകോടതി അനുവാദം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന മഅദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണമെന്നും സുപ്രീംകോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലായിരിക്കണം മഅദനി തങ്ങേണ്ടത്. എന്നാൽ ചികിത്സക്കായി കൊല്ലം എസ്പിയുടെ അനുമതിയോടെ മാത്രം എറണാകുളത്തേക്ക് പോകാം. കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ല. വിചാരണക്കോടതി ആവശ്യപ്പെട്ടാൽ തിരികെ ബംഗളൂരുവിൽ എത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേരളത്തിലേക്ക് പോകാൻ മഅദനിക്ക് നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയിരുന്നെങ്കിലും പിതാവിനെ കാണാൻ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു ഹർജിയിൽ മഅദനിയുടെ ആവശ്യം. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചിലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. ഈ തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26നാണ് കേരളത്തിലേക്ക് മഅദനി വന്നത്.