തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു നഴ്സിംഗ് കോളേജുകൾ കൂടി സർക്കാർ അനുവദിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ മെഡിക്കൽ കോളേജുകളോട് ചേർന്നാണ് പുതിയ നഴ്സിങ് കോളേജുകൾക്ക് അനുമതിയായത് . നിലവിൽ അഞ്ചിടത്തും നഴ്സിങ് കോളേജില്ല.
കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിങ് കോളേജുകൾ സർക്കാർ ആരംഭിച്ചിരുന്നു. നിലവിലെ കോളേജുകളിൽ 92 അധിക സീറ്റുകളിൽ പ്രവേശനവും നൽകി. രാജ്യത്തും വിദേശത്തും നഴ്സുമാരുടെ ആവശ്യം അധികമായതിനാൽ കൂടുതൽ പഠനസൗകര്യം ഉറപ്പാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആദ്യഘട്ടത്തിൽ 20 കോടി രൂപ ചെലവിൽ സർക്കാർ തലത്തിൽ 25 നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. കോളേജുകൾ ആരംഭിക്കുന്നതിനുള്ള കർമപദ്ധതി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഇതിനകം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.