ലണ്ടൻ: യുവതാരത്തിന്റെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ദീർഘമായ 10 വർഷത്തിനു ശേഷം സെന്റർകോർട്ടിൽ ജോക്കോ പരാജയം സമ്മതിച്ചു. വിംബിൾഡൺ പുരുഷ ഫൈനലിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പെയിനിന്റെ കാർലോസ് അൽക്കാരസിന് കിരീടം. സ്കോർ: 1-6, 7-6 (8-6), 6-1, 3-6, 6-4.
കലാശപ്പോരിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് സ്പാനിഷ് താരം ജോക്കോയെ പരാജയപ്പെടുത്തിയത്. നാല് മണിക്കൂറും 42 മിനിറ്റും നീണ്ട അഞ്ച് സെറ്റ് പോരിലാണ് ജയം. ആദ്യ സെറ്റ് നഷ്ടമായശേഷമായിരുന്നു സ്പാനിഷുകാരന്റെ തേരോട്ടം. അൽകരാസിന്റെ കന്നി വിംബിൾഡൺ കിരീടമാണിത്, രണ്ടാം ഗ്രാൻസ്ലാം കിരീടവും. കഴിഞ്ഞതവണ യുഎസ് ഓപ്പൺ ചൂടി.വിംബിൾഡണിൽ എട്ടാമത്തേതും തുടർച്ചയായി അഞ്ചാമത്തെയും കിരീടമുയർത്താൻ എത്തിയ ജൊകോവിച്ചിനെയാണ് അൽക്കാരസ് നിഷ്പ്രഭനാക്കിയത് . വനിതാ ടെന്നീസ് ഇതിഹാസം ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടമെന്ന റെക്കോഡിനൊപ്പമെത്താനും സെർബിയക്കാരന് മോഹമുണ്ടായിരുന്നു. എല്ലാം ഇരുപതുകാരനുമുന്നിൽ പൊലിഞ്ഞു.
രണ്ട് തലമുറകളുടെ ഫൈനൽ പോരിൽ തുടക്കം ജൊകോയെ വെല്ലാൻ യുവതാരം കാർലോസ് അൽക്കാരസിനായില്ല. ആദ്യ സെറ്റിൽ ജൊകോയുടെ ആധിപത്യം സമ്പൂർണമായിരുന്നു. തുടർച്ചയായി അഞ്ച് ഗെയിം നേടിയശേഷമാണ് ലോക ഒന്നാംറാങ്കുകാരനായ അൽക്കാരസിന് അനങ്ങാൻ കഴിഞ്ഞത്. 34 മിനിറ്റിൽ നിലവിലെ ചാമ്പ്യൻ സെറ്റ് സ്വന്തമാക്കി.
രണ്ടാംസെറ്റിൽ അൽക്കാരസ് ചുവടുമാറ്റി. കരുത്തും വേഗവും കൂട്ടി. ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. അൽക്കാരസ് പുതുഷോട്ടുകൾ ഉതിർത്തു. ഇരുപതുകാരന്റെ വീര്യത്തിനുമുന്നിൽ മുപ്പത്താറുകാരനായ ജൊകോയ്ക്ക് റാക്കറ്റ് താഴ്ത്തേണ്ടിവന്നു. ടൈബ്രേക്കിൽ 8–6ന് സെറ്റ് നേടി. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല. മൂന്നാംസെറ്റിൽ സമഗ്രാധിപത്യമായിരുന്നു. മൂന്നുതവണ ജൊകോയുടെ സർവ് ഭേദിച്ചു അൽക്കാരസ്. 6–1ന് സെറ്റ് നേടി.
എന്നാൽ, വിട്ടുകൊടുക്കാൻ ജൊകോ തയ്യാറായിരുന്നില്ല. എല്ലാ പരിചയസമ്പത്തും പുറത്തെടുത്ത് സെർബിയക്കാരൻ കളിത്തട്ടിൽ മടങ്ങിവന്നു. 6-3ന് സെറ്റ് പിടിച്ചു. ഇതോടെ അഞ്ചാംസെറ്റിന്റെ വിധിയെഴുത്തിലേക്ക് കളി നീണ്ടു. അവസാന സെറ്റിൽ ആദ്യ പോയിന്റ് ജൊകോ നേടി. എന്നാൽ, അൽക്കാരസ് വേഗം മറുപടി നൽകി. തുടർച്ചയായി മൂന്ന് പോയിന്റുകൾ കുറിച്ചു. ഒടുവിൽ 6-4ന് സെറ്റും കളിയും. സെന്റർ കോർട്ടിൽ പുതുയുഗം പിറന്നു.