അബുദാബി: ഏകദിന സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് യുഎഇ. രണ്ട് ദിവസം നീണ്ട ഫ്രഞ്ച് സന്ദർശനത്തിന് ശേഷം യുഎഇയിലെത്തിയ മോദിയ്ക്ക് സ്വാഗതമരുളി ദുബായിലെ അംബരചുംബിയായ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ നിറമണിഞ്ഞു. മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രത്യേക സന്ദേശവും ഇതേസമയത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ തെളിഞ്ഞു.
ഇന്ന് പുലർച്ചെ 3.45 ഓടെയാണ് ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി നരേന്ദ്രമോദി യുഎഇയിലേയ്ക്ക് തിരിച്ചത്. അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ കിരീടാവകാശിയായ ഷെയ്ഖ് ഖാലിദും സംഘവും സ്വീകരിച്ചു. യുഎഇയും ഇന്ത്യയും രൂപയിൽ വ്യാപരം നടത്തുന്നതടക്കമുള്ള നിർണായക കാര്യങ്ങൾ നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിൽ ചർച്ചയാകും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും കോപ്പ് 28 പ്രസിഡന്റ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ജാബറുമായും നരേന്ദ്രമോദി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനടക്കം ഈ കൂടിക്കാഴ്ചകൾ നിർണായകമാകും. യുഎഇ സന്ദർശനത്തോടെ നരേന്ദ്രമോദിയുടെ വിദേശപര്യടനത്തിന് അവസാനമാവുകയും അദ്ദേഹം ഇന്ത്യയിലേയ്ക്ക് തിരിക്കുകയും ചെയ്യും.
WATCH | Dubai’s Burj Khalifa displayed the colours of the Indian national flag yesterday ahead of PM Modi’s official visit to the country pic.twitter.com/xQ9e7cJ6uH — ANI (@ANI) July 15, 2023