കോഴിക്കോട് : ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം. എന്നാൽ ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനു ശേഷമാകണം പരിഷ്കരണം. വർഗീയ ധ്രുവീകരണവും സാമുദായിക ഭിന്നതയുമാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഏക വ്യക്തിനിയമത്തിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് മറ്റ് ചില അജണ്ടകളുണ്ട്. ഇത് കൃത്യമായ രാഷ്ട്രീയ പദ്ധതിയാണ്. ഏക വ്യക്തി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ലക്ഷ്യം വയ്ക്കുന്നത് വർഗീയ ധ്രുവീകരണമാണെന്നും അതിനെതിരെ ഒന്നിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . രാജ്യത്തെ വൈവിധ്യങ്ങൾക്കാണ് ഭരണഘടന ഊന്നൽ നൽകുന്നത്. അതാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതാത് വിഭാഗങ്ങൾ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരേണ്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം. ലോകം വൈവിധ്യം നിലനിർത്തുമ്പോൾ ഇന്ത്യ ഏകീകരണത്തിന് ശ്രമിക്കുകയാണ്. കേന്ദ്രസർക്കാർ ഏകപക്ഷീയമായി സിവിൽകോഡ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. സമത്വം എന്നാൽ ഏകീകരിക്കൽ അല്ല എന്നും യെച്ചൂരി പറഞ്ഞു.
ഏക വ്യക്തി നിയമം തുടർച്ചയായി ഉന്നയിക്കുന്നതിനു പിന്നിൽ ബിജെപിക്ക് പ്രത്യേക അജണ്ടകളുണ്ട്. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം മുന്നിൽവച്ചുള്ള നീക്കമാണിത്. ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങളെ അപ്പാടെ തകർക്കുകയാണ് വിശാലലക്ഷ്യം. ലോകത്ത് പല രാജ്യങ്ങളും വ്യത്യസ്തതയും വൈവിധ്യങ്ങളുടെ സൗന്ദര്യവും നിലനിർത്താൻ ശ്രമിക്കുമ്പോഴാണ് ഏകീകരണം എന്ന പേരിൽ പുതിയ ആശയവുമായി കേന്ദ്ര സർക്കാർ വരുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് പക്വത. ഭരണഘടന ആവശ്യപ്പെടുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാനാണ്. ജനാധിപത്യത്തിന്റെ സുരഭിലമായ അന്തരീക്ഷം നിലനിർത്തുന്നതിനു പകരം ഏകീകരണം എന്ന പേരിൽ മറ്റു ചില അജണ്ടകളിലേക്കാണ് സർക്കാർ പോകുന്നത്. രാഷ്ട്രീയ നേട്ടത്തിനായുള്ള ഈ നീക്കങ്ങൾ അപകടകരമാണെന്ന് യെച്ചൂരി മുന്നറിയിപ്പു നൽകി.