ന്യൂഡൽഹി: ശിവസേന വിമത എംഎൽഎമാരുടെ അയോഗ്യത നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപെട്ടുള്ള ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ ഹർജിയിൽ മഹാരാഷ്ട്ര നിയമസഭ സ്പീക്കർക്ക് സുപ്രീം കോടതി നോട്ടീസ്. ഉദ്ധവ് താക്കറെ വിഭാഗം പാർട്ടി വിപ്പ് സുനിൽ പ്രഭുവാണ് അയോഗ്യത നടപടികൾ വേഗത്തിലാക്കുന്നതിന് മഹാരാഷ്ട്ര നിയമസഭ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ വിമത നീക്കം നടത്തിയതിനെ തുടർന്നാണ് പാർട്ടി വിപ്പ് സുനിൽ പ്രഭു ജൂണ്‍ 23ന് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സ്പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളാണ് അയോഗ്യരാക്കാനുള്ള നോട്ടീസ് നൽകിയത്.ഒരു വർഷത്തിലേറെയായി അയോഗ്യത ഹർജികൾ തീർപ്പാക്കാതെ കിടക്കുകയാണെന്നും അ യോഗ്യത ഹർജികളിൽ സ്പീക്കറുടെ ഓഫീസ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുന്നതിന് നിർദേശിക്കണമെന്നും ആവശ്യപെട്ട് ജൂലൈ നാലിനും ഉദ്ദവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.